നീ (2015)

#കവിത 

മരണത്തിന്റെ മണം പരന്നൊഴുകി പുനര്‍ജനിയ്ക്കു വളമാകാനൊരുങ്ങുമീ ചുടുകാട്ടില്‍…

ഒറ്റയ്ക്കു,

പ്രേതഭാഷണങ്ങള്‍ തന്‍ നടുവില്‍ മയങ്ങുമ്പോള്‍ ,,

ചുണ്ടില്‍ വേണം നിന്‍ ചുംബനത്തില്‍ മുങ്ങിയ പഴയ യൗവ്വനം..

നിന്റെ മുടിയിഴ കോതി തളരാത്തൊരെന്‍ വിരല്‍ത്തുമ്പില്‍ കോര്‍ക്കണം പ്രണയം പതിച്ച നിറം മായാത്തൊരു മോതിരം.. അതിലവിടവിടെയായി പുഷ്പങ്ങള്‍ പോല്‍ വൈരങ്ങളും …

ഇടിമിന്നലില്‍ മുളച്ചൊരു മുത്തും …

എഴുത്ത് 

  #കവിത

പല കുറി ഞാൻ എഴുതി. 

എന്റെ കുടമുല്ലയ്‌ക്ക്‌ വേണ്ടി റാന്തൽ പോലെയെഴുതി. 

മുല്ലപ്പൂവിന് പക്ഷെ നിലാവെഴുത്തായിരുന്നു പ്രിയം. 

എന്റെ പൂമ്പാറ്റയ്ക്കു വേണ്ടി ചായക്കൂട്ടിൽ  എഴുതി..

പൂമ്പാറ്റയ്ക്ക് പക്ഷെ  മഴവില്ലെഴുത്തോടായിരുന്നിഷ്ടം.

പിന്നെയുമെഴുതി എന്റെ കണ്ണിനു കണ്മഷി പോലെഴുതി..

കണ്ണ് കാർമേഘമെഴുത്തിനോടൊട്ടി.

എങ്കിലുമെഴുതി…

പിന്നെയും പിന്നെയും എഴുതി 

കടലാസിന്റെ വെണ്മയിൽ ചാടി ഞാനും എന്റെ തൂലികപ്രപഞ്ചവും  മുങ്ങി  മരിച്ചു.

പിറ്റേന്ന് പൊങ്ങി.

ലോകം ചുറ്റി, നാലിൽ  മൂന്നായ വെള്ളക്കൊട്ടാരങ്ങളുടെ മൂന്നാം കരകളിൽ.

ഒരിക്കലും മരിക്കാത്ത വാക്കുകളുടെ ചെകിളപ്പൂക്കളിൽ ശ്വാസമുണ്ടായിരുന്നു.

അഗ്നി പറഞ്ഞത് (2016)                              #കവിത 


​ഞാനുരുക്കിയ ലോഹമാർക്കും പത്തരമാറ്റല്ലത്രേ…

ഞാനൊഴുക്കിയ വിയർപ്പിലൊട്ടാകെ 

 ചേറും മണ്ണുമാണത്രെ…

ഞാനില്ലാ നേരം മാത്രം ചിരി പടരുമത്രെ…

ഞാൻ ചേരുന്നേരം കഥ മാറുന്നത്രെ…

ഞാൻ തിരിഞ്ഞു കത്തട്ടെ,

പല ചിരിയും ദഹിപ്പിക്കാതെ…

പല മനസ്സും പൊള്ളിക്കാതെ…

#Image:Google

😢

സ്നേഹം കൊണ്ട് ലോകം കീഴടക്കി കാട്ടിത്തന്നവർ മനസ്സ് വ്രണപ്പെടുത്തി പോകുന്നതിനിടയിൽ തിരിഞ്ഞു നിന്ന് എന്നെ വിളിച്ച പേരാണ്..

നന്ദികെട്ടവൾ.

ഉണ്ട ചോറിനു നന്ദി കാണിക്കാത്ത അത്യാഗ്രഹി.

വർഷങ്ങളോളം ഊണ് വിളമ്പിയവരിൽ ചിലരെങ്കിലും അവസാനനിമിഷങ്ങളിൽ അതിൽ കാഞ്ഞിരവും വിഷക്കായകളും ചേർത്തപ്പോൾ ഞാൻ പരാതി പറയാൻ പാടില്ലായിരുന്നത്രെ.

അന്ന് വരെ കിട്ടിയ നന്മകളെ മറന്നു പോയ എന്നെ അവർ വീണ്ടും നീട്ടി വിളിച്ചു… നന്ദികെട്ടവൾ.

നന്ദിയില്ലാഞ്ഞല്ല അവൾ നന്ദികെട്ടവളായത്, ഒരുപാട് നെഞ്ചോടടുപ്പിച്ചതിനാലാണ്. 

ചില സൗഹൃദങ്ങളെ. 

ചിലപ്പോൾ സ്വാർത്ഥതകളെ. 

അമ്മയെ മറക്കുമ്പോൾ… 😔

കാറ്റടിച്ചു അവിടവിടെയായി കിടന്ന മാതൃഭൂമിയെ ഒന്ന് അടുക്കി പെറുക്കി മനസ്സിലാക്കാനൊരുങ്ങുകയായിരുന്നു ഞാൻ. ‘മാതൃഭൂമി’ എന്ന് പറഞ്ഞു വന്നത് നമ്മുടെ കയ്യിൽ കിടന്നു പിടയുന്ന പാവം ഭൂമിയെ അല്ലാട്ടോ. മാതൃഭൂമി ദിനപത്രത്തെയാണ്. 

ഒന്നാമത്തെ പേജിന്റെ താഴത്തു വലതു വശം ഒരു ഓരം ചേർന്ന് കിടക്കുന്ന വാർത്തയാണ് ഇന്ന് ചങ്കിൽ കൊളുത്തിയത്. 

തലക്കെട്ട് ഇങ്ങനെ: 

“മകൻ യു എസിൽ നിന്നെത്തിയപ്പോൾ ഫ്ലാറ്റിൽ അമ്മയുടെ അസ്ഥികൂടം”.

ഇതൊരു സാധാരണ വാർത്തയായി  കാണാനാവുന്നില്ല. എവിടെയാണ് മനുഷ്യമൂല്യങ്ങൾ പിഴച്ചത്?

നാല് കസേരക്കാലുകളിലിരുന്നു ചീഞ്ഞളിഞ്ഞ അസ്ഥികൂടമായ ആ അമ്മ എന്റെ ഉള്ളിലെ സ്ത്രീയെ കുത്തി നോവിക്കുന്നുണ്ട്. 

മറ്റാരെയും പോലെ തന്നെ.

 അവരുടെ അസ്ഥികൂടക്കൈകൾ എന്റെ കൃഷ്ണമണിയിൽ കുത്തിക്കയറുന്നതു പോലെ. അതിലേറെ ആ മകന്റെ മനസ്സാണ് ഞാൻ ഏറെ ചിന്തയ്ക്ക് വിധേയമാക്കുന്നത്.

ഒരു ആഡംബരഫ്‌ളാറ്റിൽ വർഷങ്ങളായി തനിച്ചു താമസിക്കുന്ന ഒരു പാവം അമ്മയുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും? അമ്മയോട് അവസാനം ഫോണിൽ സംസാരിച്ചത് എന്നാണെന്നുള്ള ചോദ്യത്തിനു മകൻ നൽകിയ ഉത്തരം ഏപ്രിലിൽ ആയിരുന്നു എന്നാണു. അതായത് കഴിഞ്ഞ വർഷം (2016) ഏപ്രിലിൽ.

ഒരു വർഷത്തിലേറെയായി അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ മകൻ വർഷത്തിലൊരിക്കൽ അമ്മയെ വന്നു കണ്ടു പോകാറാണ് പതിവ്. 

ജോലിത്തിരക്കുകളായിരുന്നത്രെ. 

അദ്ദേഹത്തിന്റെ പേഴ്‌സണൽ ജീവിതത്തിൽ ഇടപെടുന്നുവോ എന്ന തോന്നൽ എനിക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടി ആ അമ്മയെ ഞാൻ മനസ്സ് കൊണ്ട് ഈ ഭൂമിയോട് ഉപമിച്ചു പോയി.

എല്ലാ കോണിലും അതിനൊരുപാട് സാമ്യങ്ങളുണ്ട്.

താൻ ആരൊക്കെയോ എന്തൊക്കെയോ ആകുന്നതു വരെ മണ്ണ് തിന്നും ആ മാറിൽ മയങ്ങിയും കാലം കഴിച്ച ഉണ്ണിക്കിടാങ്ങളൊക്കെ ഇപ്പൊ അമ്മയെ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നത് പോലെ.

ഇടക്കെങ്കിലും ഭൂമിക്ക് സുഖം തന്നെയല്ലേ എന്ന് ആരായാൻ ആരുമില്ല.

കടലിനും കായലിനും ഇടയിലുള്ള എന്റെ കുഞ്ഞുഗ്രാമം പോലും നേർത്ത് നൂല് പോലെ ഒടുവിൽ ഇലാതാകുമോ എന്ന അതിയായ ഭയം ഇപ്പോഴും നിലനിൽക്കുന്നു. ആ ഇല്ലാതാകൽ പ്രകൃതിയുടെ  യാതൊരു മാറ്റവും കൊണ്ടല്ല. പകരം സീവാഷിങ് ഉൾപ്പെടുന്ന ഖനന പ്രവൃത്തികൾ കൊണ്ടാണ്. തികച്ചും മനുഷ്യനിർമിതമായ കാരണങ്ങൾ. പ്രതികരിക്കാൻ മുന്നിട്ടിറങ്ങുന്നവർ അധികാരികൾക്ക് മുൻപിൽ ശത്രുക്കളായും മാറിത്തീരുന്നു. 

ആലപ്പാട് എന്ന എന്റെ ഗ്രാമത്തെ, പ്രകൃതിയുടെ ഈ ഇത്തിരി കഷ്ണത്തെ അവഗണിക്കുന്ന ഓരോ നിമിഷവും സ്വന്തം അമ്മയോട് ചെയ്യുന്ന അതേ അവഗണനയുടെ ഫലം തന്നെയാണുണ്ടാവുക. 

ഈ നാടിനെ വിവരിച്ചത് അതിനെ അടുത്തറിയുന്നതു കൊണ്ടാണ്, ഇങ്ങനെ പല കോണിലായി എറിഞ്ഞും ഉരുകിയും അഴുകിയും തീരുകയാണ് ഈ കാണുന്ന (ചൂണ്ടിക്കാണിക്കാനും ഇന്നില്ലാത്ത) പച്ചപ്പും ഭൂമിയുടെ ആയുസ്സും. അതിനെ അവഗണിക്കപ്പെട്ട അമ്മയുടെ വാർത്തയേക്കാൾ ചേരുന്ന ഒരു മെറ്റഫർ ഉണ്ടോ എന്ന് എനിക്കറിയില്ല.

പേഴ്സണലായിട്ട് പറയുവാ.. 😅

ഒരു തരം വളഞ്ഞു പുളഞ്ഞ പാതയിലൂടെയാണ് ജീവിതം ഇപ്പോൾ നീങ്ങുന്നത്. എഴുത്തു കുത്തുകൾക്ക് മനസ്സിൽ ജീവനുള്ള ആശയങ്ങളില്ല. ചുറ്റും നിരത്തി വെച്ച പുസ്തകങ്ങൾ വായിക്കാൻ മനസ്സിൽ ഉത്സാഹമില്ല.

പഠനം ഒരു ബിരുദാനന്തര ബിരുദത്തിൽ നങ്കൂരമിട്ടപ്പോൾ കുറെ ചോദ്യചിഹ്നങ്ങൾ മാത്രം.

തട്ടിത്തടഞ്ഞു ഏതോ പാറക്കൂട്ടത്തിൽ വീണു പോയത് പോലെ.

മേലാകെ ചോര പൊടിയുന്നത്  പോലെ.

ഒരു മനുഷ്യായുസ്സിന്റെ മൊത്തം തൂക്കത്തിൽ ഏറ്റവും മുന്തി നിൽക്കുന്നത് എന്താണെന്ന് ഉള്ളതിന്റെ കണക്കെടുപ്പിലായിരുന്നു ഈ സായാഹ്‌നം.

അതിന്റെ ഉത്തരം ഭീമാകാരമായിരുന്നു.

എന്നെ വേദനിപ്പിക്കുന്നവയായിരുന്നു

ആ പറഞ്ഞ മുന്തിയ ഘടകങ്ങൾ. കാരണം,

അവ ഒന്നും തന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.

എന്റെ കൈവശം ഇല്ലാത്ത, എന്നാൽ ജീവിതത്തിൽ ജീവജലം പോലെ പ്രാധാന്യമുള്ള അവയെ ഓരോന്നായി ഇവിടെ എണ്ണിയെണ്ണി കുറിച്ച് കൊള്ളട്ടെ.

  • 💰 ഒന്നാമത്തേത് പണമാണ്. അത് ആവശ്യത്തിന് പോലും ഇല്ലാത്തവനെ പഴമക്കാർ പിണം എന്നാണു വിളിക്കാറ്. അങ്ങനെയെങ്കിൽ ഞാൻ അതാണ്.

മാസം ഇരുപത്തിയഞ്ചു ലക്ഷം രൂപയോളം വരുമാനമായി നേടുന്ന  തന്റെ ഭർത്താവിനെപ്പറ്റി ഏതോ സിനിമാ കഥാപാത്രം പറയുന്നത് കേട്ടിട്ട് അതെ മുപ്പതു ദിവസമുള്ള കലണ്ടർ നോക്കി ഞാൻ എന്റെ പാവം അച്ഛനെ ഓർത്തു. മാസം പതിനായിരം രൂപയോളം കഷ്ടിച്ച് ലഭിക്കുന്ന ആ ശരീരവും മനസ്സും ഞാൻ നിരവധി തവണ മനസ്സിൽ സെറോക്സ് കോപ്പികളെടുത്തുകൊണ്ടിരുന്നു. 

എല്ലാ അമ്മമാരെയും പോലെ ഉഴുന്ന് പാത്രത്തിൽ സൂക്ഷിച്ച കുഞ്ഞു തുട്ടുകളിൽ നിന്ന് പൊന്നു വരെ വാങ്ങുന്ന അമ്മയെയും ഓർത്തു.

  •  💞 രണ്ടാമത്തേത് സ്നേഹമാണ്.

സ്വാർത്ഥതയുടെ വാശികളും പരാതികളും പരിഭവങ്ങളും പൊട്ടിത്തെറികളും മാത്രം പ്രകടിപ്പിച്ച ഈയുള്ളവൾക്ക് നിസ്വാർഥമായി സ്നേഹിക്കാൻ കോച്ചിങ് ക്ലാസ്സുകൾ വേണ്ടി വരുന്നത് പോലെ തോന്നുന്നു. 

തിരികെ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക എന്ന ഇമ്മിണി വലിയ നന്മ വശമില്ലാഞ്ഞോണ്ടു ആ അങ്കത്തട്ടിലും തോറ്റു തുന്നം പാടി. എന്നിട്ടും കൂടെ നിൽക്കുന്ന സ്നേഹിതരാണ് എനിക്കുള്ളത്.

  • 🎈 ഇനി വേണ്ടത് ആരോഗ്യമാണ്…

അതാണല്ലോ ഏറ്റവും വലിയ സമ്പത്ത്. ശ്രദ്ധക്കുറവിൽ ഓടിയോടി വീണുണ്ടാകുന്ന ഒരു സ്കോളിയോസിസ്‌ കൂടി ആകുമ്പോൾ ആ കഥയും സമ്പൂർണ്ണമായി. അവിടെയും എട്ടു നിലയിൽ പൊട്ടുകയാണെന്നു ഓർക്കണം.

ഇപ്പറഞ്ഞതൊക്കെ ഒന്ന് ചുരുക്കി പറഞ്ഞെന്നെ ഉള്ളു.

പറയാൻ വന്നത് ഇതൊന്നുമല്ല.

ഈ മുന്തിയ “സാങ്കേതികതകളൊ”ന്നും തന്നെ നിലവിൽ കൈവശം വെച്ചിട്ടില്ല എന്നതിൽ തളർന്നു പോകാത്ത ഒരു ചങ്കുറപ്പുണ്ട്. 

അതാണ് നമ്മുടെ ആയുധം.

പറഞ്ഞു വന്നത്, 

ഇപ്പൊ ഇത്തിരി സന്തോഷം തോന്നുന്നുണ്ട്. “ഇതൊക്കെ എന്ത്” എന്ന് തോന്നുന്നുണ്ട്. 

എന്നെങ്കിലും എല്ലാം കലങ്ങി മറിഞ്ഞു നാളെ ഈ ഞാൻ വലിയൊരു പണച്ചാക്ക് ആവില്ലെന്ന് ആര് കണ്ടു? ചിലപ്പോ ഈയുള്ളോള്  വല്ല കളക്ടറും ആവില്ലെന്ന് ആരറിഞ്ഞു. 

കൂടെ നിൽക്കുന്ന കുറെ സ്നേഹച്ചാക്കുകളോടും ക്ഷമച്ചാക്കുകളോടും ചില കാലിച്ചാക്കുകളോടും എനിക്കൊന്നേ പറയാനുള്ളു. 

അങ്ങട് ഒഴുകുക. ഈ കാണുന്ന നേരവും മാറി മാറിയും എന്നു ആരോ പറഞ്ഞിട്ടുണ്ട്. 

കാത്തിരിക്ക്യാ ഈ ഞാനും.

ഇനി വല്ല ദീപാ നിശാന്തോ മാധവിക്കുട്ടിയോ ആയാലോ?

ന്റമ്മോ…

😀

തിര ശപിക്കപ്പെട്ട ഒരുവളാണ്.

അങ്ങ് ചക്രവാളവും ആകാശവും നക്ഷത്രങ്ങളും വിളിച്ചിട്ടും അവയോടൊന്നുരിയാടാതെ 

കരിമണൽ പൊതിഞ്ഞ കരയെ തേടി ഒരു ജന്മം മുഴുവൻ പൊട്ടിച്ചിതറുന്നവൾ.

കര പല തവണ തട്ടി മാറ്റിയിട്ടും മുടക്കം കൂടാതെ കര തേടി കിതച്ചെത്തുന്ന തിരയവൾ.