തോന്നൽ

ഒരു തരം വളഞ്ഞു പുളഞ്ഞ പാതയിലൂടെയാണ് ജീവിതം ഇപ്പോൾ നീങ്ങുന്നത്. എഴുത്തു കുത്തുകൾക്ക് മനസ്സിൽ ജീവനുള്ള ആശയങ്ങളില്ല. ചുറ്റും നിരത്തി വെച്ച പുസ്തകങ്ങൾ വായിക്കാൻ മനസ്സിൽ ഉത്സാഹമില്ല.

പഠനം ഒരു ബിരുദാനന്തര ബിരുദത്തിൽ നങ്കൂരമിട്ടപ്പോൾ കുറെ ചോദ്യചിഹ്നങ്ങൾ മാത്രം.

തട്ടിത്തടഞ്ഞു ഏതോ പാറക്കൂട്ടത്തിൽ വീണു പോയത് പോലെ.

മേലാകെ ചോര പൊടിയുന്നത്  പോലെ.

ഒരു മനുഷ്യായുസ്സിന്റെ മൊത്തം തൂക്കത്തിൽ ഏറ്റവും മുന്തി നിൽക്കുന്നത് എന്താണെന്ന് ഉള്ളതിന്റെ കണക്കെടുപ്പിലായിരുന്നു ഈ സായാഹ്‌നം.

അതിന്റെ ഉത്തരം ഭീമാകാരമായിരുന്നു.

എന്നെ വേദനിപ്പിക്കുന്നവയായിരുന്നു

ആ പറഞ്ഞ മുന്തിയ ഘടകങ്ങൾ. കാരണം,

അവ ഒന്നും തന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.

എന്റെ കൈവശം ഇല്ലാത്ത, എന്നാൽ ജീവിതത്തിൽ ജീവജലം പോലെ പ്രാധാന്യമുള്ള അവയെ ഓരോന്നായി ഇവിടെ എണ്ണിയെണ്ണി കുറിച്ച് കൊള്ളട്ടെ.

  • 💰 ഒന്നാമത്തേത് പണമാണ്. അത് ആവശ്യത്തിന് പോലും ഇല്ലാത്തവനെ പഴമക്കാർ പിണം എന്നാണു വിളിക്കാറ്. അങ്ങനെയെങ്കിൽ ഞാൻ അതാണ്.

മാസം ഇരുപത്തിയഞ്ചു ലക്ഷം രൂപയോളം വരുമാനമായി നേടുന്ന  തന്റെ ഭർത്താവിനെപ്പറ്റി ഏതോ സിനിമാ കഥാപാത്രം പറയുന്നത് കേട്ടിട്ട് അതെ മുപ്പതു ദിവസമുള്ള കലണ്ടർ നോക്കി ഞാൻ എന്റെ പാവം അച്ഛനെ ഓർത്തു. മാസം പതിനായിരം രൂപയോളം കഷ്ടിച്ച് ലഭിക്കുന്ന ആ ശരീരവും മനസ്സും ഞാൻ നിരവധി തവണ മനസ്സിൽ സെറോക്സ് കോപ്പികളെടുത്തുകൊണ്ടിരുന്നു. 

എല്ലാ അമ്മമാരെയും പോലെ ഉഴുന്ന് പാത്രത്തിൽ സൂക്ഷിച്ച കുഞ്ഞു തുട്ടുകളിൽ നിന്ന് പൊന്നു വരെ വാങ്ങുന്ന അമ്മയെയും ഓർത്തു.

  •  💞 രണ്ടാമത്തേത് സ്നേഹമാണ്.

സ്വാർത്ഥതയുടെ വാശികളും പരാതികളും പരിഭവങ്ങളും പൊട്ടിത്തെറികളും മാത്രം പ്രകടിപ്പിച്ച ഈയുള്ളവൾക്ക് നിസ്വാർഥമായി സ്നേഹിക്കാൻ കോച്ചിങ് ക്ലാസ്സുകൾ വേണ്ടി വരുന്നത് പോലെ തോന്നുന്നു. 

തിരികെ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക എന്ന ഇമ്മിണി വലിയ നന്മ വശമില്ലാഞ്ഞോണ്ടു ആ അങ്കത്തട്ടിലും തോറ്റു തുന്നം പാടി. എന്നിട്ടും കൂടെ നിൽക്കുന്ന സ്നേഹിതരാണ് എനിക്കുള്ളത്.

  • 🎈 ഇനി വേണ്ടത് ആരോഗ്യമാണ്…

അതാണല്ലോ ഏറ്റവും വലിയ സമ്പത്ത്. ശ്രദ്ധക്കുറവിൽ ഓടിയോടി വീണുണ്ടാകുന്ന ഒരു സ്കോളിയോസിസ്‌ കൂടി ആകുമ്പോൾ ആ കഥയും സമ്പൂർണ്ണമായി. അവിടെയും എട്ടു നിലയിൽ പൊട്ടുകയാണെന്നു ഓർക്കണം.

ഇപ്പറഞ്ഞതൊക്കെ ഒന്ന് ചുരുക്കി പറഞ്ഞെന്നെ ഉള്ളു.

പറയാൻ വന്നത് ഇതൊന്നുമല്ല.

ഈ മുന്തിയ “സാങ്കേതികതകളൊ”ന്നും തന്നെ നിലവിൽ കൈവശം വെച്ചിട്ടില്ല എന്നതിൽ തളർന്നു പോകാത്ത ഒരു ചങ്കുറപ്പുണ്ട്. 

അതാണ് നമ്മുടെ ആയുധം.

പറഞ്ഞു വന്നത്, 

ഇപ്പൊ ഇത്തിരി സന്തോഷം തോന്നുന്നുണ്ട്. “ഇതൊക്കെ എന്ത്” എന്ന് തോന്നുന്നുണ്ട്. 

എന്നെങ്കിലും എല്ലാം കലങ്ങി മറിഞ്ഞു നാളെ ഈ ഞാൻ വലിയൊരു പണച്ചാക്ക് ആവില്ലെന്ന് ആര് കണ്ടു? ചിലപ്പോ ഈയുള്ളോള്  വല്ല കളക്ടറും ആവില്ലെന്ന് ആരറിഞ്ഞു. 

കൂടെ നിൽക്കുന്ന കുറെ സ്നേഹച്ചാക്കുകളോടും ക്ഷമച്ചാക്കുകളോടും ചില കാലിച്ചാക്കുകളോടും എനിക്കൊന്നേ പറയാനുള്ളു. 

അങ്ങട് ഒഴുകുക. ഈ കാണുന്ന നേരവും മാറി മാറിയും എന്നു ആരോ പറഞ്ഞിട്ടുണ്ട്. 

കാത്തിരിക്ക്യാ ഈ ഞാനും.

ഇനി വല്ല ദീപാ നിശാന്തോ മാധവിക്കുട്ടിയോ ആയാലോ?

ന്റമ്മോ…

😀

Published by ജാനകി(JANAKI)

ഒരുപാട് 'ഞാൻ' കലർന്ന് ഒന്നായ ഈ 'ഞാൻ'.

7 thoughts on “തോന്നൽ

  1. ഞാൻ നൊക്കുംബൊൽ Arundhati ആന്നു കാനുന്നത്‌
    Health മനസിലായില്ല്.
    ഈ ചാക്ക്‌ ഒരു ഫൊല്ലൊവർ ആന്ന്. Mentor ആകാൻ ആഗ്രഹം ഉണ്ട്‌

    Like

      1. എനിക്കു തൊന്നുന്നു ഞാൻ adopt chaithu കഴിഞ്ഞെന്ന്. CV. അയചൊളു അവിടെ നിന്ന് തുടഗാം… നല്ലതു വരും.

        Like

  2. പേഴ്സണലായിട്ട് പറയുവാ …
    കലാം സാറ് പറഞ്ഞുംന്ന് വച്ച് സ്വപ്നോം കണ്ടോണ്ട് മാത്രമിരുന്നാൽ ഒന്നുമാവൂല. വല്ലതും എഴുതുകയും പഠിക്കുകയുമൊക്കെ കൂടി ചെയ്യു കാണങ്കിൽ ചിലപ്പോൾ മലയാളികൾക്ക് ഒരു സ്വന്തം ജാനകിക്കുട്ടിയെ കിട്ടിക്കൂടായ്കയില്ല.

    Liked by 1 person

    1. ഈ പറഞ്ഞത് നല്ല തെളിഞ്ഞ വെള്ളം പോലെ വാസ്തവം.
      വായിക്കാനോ എഴുതാനോ ഒക്കെ ഉള്ള മടി, അതാണ് ഇപ്പോഴത്തെ ശത്രു.

      Like

Leave a comment